ലിസ് ട്രസിനെ പുറത്താക്കി പാർട്ടിയെ സംരക്ഷിക്കാൻ സീനിയർ കൺസർവേറ്റീവുകളുടെ നീക്കം
ബ്രിട്ടണിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ തകർച്ച ഒഴിവാക്കാൻ ശ്രമമാരംഭിച്ചു. പ്രധാനമന്ത്രി ലിസ് ട്രസിനെ പുറത്താക്കി പാർട്ടിയെ സംരക്ഷിക്കാൻ സീനിയർ കൺസർവേറ്റീവുകൾ യോഗം വിളിച്ചു. സീനിയർ എം.പിമാർ ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച യോഗം ചേരുമെന്നാണ് വിവരം. ലിസ് ട്രസിനെ ദിവസങ്ങൾക്കുള്ളിൽത്തന്നെ പുറത്താക്കണമെന്ന അഭിപ്രായമുള്ള എം.പിമാർ പാർട്ടിയിലുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലാണെങ്കിലും അതിൻ്റെ നിയന്ത്രണമില്ലാത്ത അവസ്ഥയാണ് ലിസ് ട്രസിനെന്ന് പാർട്ടി വൃത്തങ്ങൾ കരുതുന്നു.
ലിസ് ട്രസിനോട് പരസ്യമായി രാജി ആവശ്യപ്പെടണമെന്ന അഭിപ്രായമുള്ള എം.പിമാരും പാർട്ടിയിലുണ്ട്. പാർട്ടിയുടെ നേതാവിനെ ഇത്രവേഗം മാറ്റിയാൽ അത് തെറ്റായ സന്ദേശം പൊതുജനങ്ങൾക്ക് നൽകുമെന്നും കൺസർവേറ്റീവ് പാർട്ടിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന സാഹചര്യം ഇതുമൂലം ഉണ്ടാകാമെന്നും പാർട്ടിയിലെ മിതവാദികൾ കരുതുന്നു. ലിസ് ട്രസിന് ക്യാബിനറ്റിലുള്ള പിന്തുണയും ദിനം പ്രതി കുറഞ്ഞു വരികയാണ്.
ലിസ് ട്രസ് ഡിപ്പാർച്ചർ ലൗഞ്ചിലാണെന്നാണ് ഒരു മുൻ മന്ത്രി പറഞ്ഞത്. പുറത്തേയ്ക്കുള്ള യാത്രയിൽ ലിസ് ട്രസ് സഹകരിക്കുമോ അതോ പുറത്താക്കേണ്ടി വരുമോ എന്നു മാത്രമേ അറിയാനുള്ളൂ എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ലേബർ പാർട്ടിയ്ക്ക് അഭിപ്രായ സർവേകളിൽ കൺസർവേറ്റീവുകൾക്കു മേൽ വൻ ലീഡ് ലഭിച്ച സാഹചര്യത്തിൽ തങ്ങളുടെ സീറ്റുകൾ നിലനിർത്തുകയെന്നത് വിഷമകരമായിരിക്കുമെന്ന് ടോറി എം.പിമാർക്ക് ആശങ്കയുണ്ട്.
മിനി ബഡ്ജറ്റിൽ തെറ്റുപറ്റിയെന്ന് പുതിയ ചാൻസലർ ജെറമി ഹണ്ട് അഭിപ്രായപ്പെട്ടത് ലിസ് ട്രസിന് തിരിച്ചടിയായിട്ടുണ്ട്. പ്രധാനമന്ത്രി ലിസ് ട്രസിൻ്റെയും പുറത്താക്കപ്പെട്ട ചാൻസലർ ക്വാസി കാർട്ടെംഗിൻ്റെയും സാമ്പത്തികനയ സമീപനങ്ങൾ ദോഷകരമായി മാറിയതായി അദ്ദേഹം പറഞ്ഞു. ടാക്സുകൾ കുറച്ച് കൊണ്ട് രാജ്യത്തിന് മുന്നോട്ട് പോകാനാവില്ല. ചില ടാക്സുകളെങ്കിലും വർദ്ധിപ്പിക്കേണ്ടി വരും. കൂടാതെ പൊതു ചിലവിലും കുറവു വരുത്തേണ്ടതുണ്ട്. ബ്രിട്ടൻ്റെ ഫൈനാൻഷ്യൽ മാർക്കറ്റിൽ സ്ഥിരത കൈവരുത്താനുള്ള നടപടികളുണ്ടാകുമെന്ന് ചാൻസലർ പറഞ്ഞു.
എന്നാൽ പുതിയ ചാൻസലറുടെ നിയമനവും കോർപ്പറേഷൻ ടാക്സിലെ യുടേണും മാർക്കറ്റിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല എന്നത് ഡൗണിംഗ് സ്ട്രീറ്റിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പദവിയുണ്ടെങ്കിലും കൺസർവേറ്റീവ് പാർട്ടിയെ നിയന്ത്രിക്കുന്നതിൽ ലിസ് ട്രസ് ദുർബലയാണെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. പുതിയ ചാൻസലർ ജെറമി ഹണ്ട് പ്രധാനമന്ത്രിയേക്കാൾ ശക്തമായ അധികാര കേന്ദ്രമായി മാറുമെന്ന സൂചനയാണുള്ളത്. പ്രധാനമന്ത്രിയ്ക്കൊപ്പം ഒരു കെയർടേക്കർ പ്രധാനമന്ത്രിയും രാജ്യത്തുള്ള സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
കൂടിയ നിരക്കിലുള്ള അടിസ്ഥാന പലിശ വർദ്ധന ആവശ്യമായി വന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിച്ചു. നേരത്തെ കരുതിയിരുന്നതിലും കൂടിയ നിരക്ക് വർദ്ധന ഇക്കാര്യത്തിൽ ഉണ്ടാകാനാണ് സാധ്യതയെന്ന് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു. നാണ്യപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ ലക്ഷ്യത്തിലെത്താനുള്ള നടപടിയുണ്ടാവുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ മോണിട്ടറി പോളിസി കമ്മിറ്റിയുടെ അടുത്ത യോഗം നവംബർ 3 നാണ്. 0.75 മുതൽ ഒരു ശതമാനം വരെ വർദ്ധന പലിശ നിരക്കിൽ ഉണ്ടാകാമെന്നാണ് മാർക്കറ്റ് കരുതുന്നത്. ഗവൺമെൻ്റിൻ്റെ ഇക്കണോമിക് പ്ളാൻ ഒക്ടോബർ 31 ന് പ്രസിദ്ധീകരിക്കും.











