യുക്മ കേരളപൂരം വള്ളംകളിക്ക് മോടി കൂട്ടുവാൻ 'തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസും' ലൈവ് സ്റ്റേജ് പ്രോഗ്രാമുകളും.
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ കേരളപൂരം വള്ളംകളി 2025 ന് മോടി കൂട്ടുവാൻ 'തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ്' ഉം ലൈവ് സ്റ്റേജ് പ്രോഗ്രാമുകളും അണിയറയിൽ ഒരുങ്ങുന്നു. ആഗസ്റ്റ് 30 ശനിയാഴ്ച റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന ഏഴാമത് യുക്മ കേരളപൂരം മത്സര വള്ളംകളി കാണുവാൻ എത്തിച്ചേരുന്ന കാണികൾക്ക് വള്ളംകളിയോടൊപ്പം ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കുവാൻ ആകർഷണീയങ്ങളായ നിരവധി പ്രോഗ്രാമുകളാണ് തയ്യാറായിക്കൊണ്ടിരിക്കുന്നതെന്ന് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
യുകെയിലെ നൂറ്റി അൻപതിലധികം പ്രാദേശിക മലയാളി അസ്സോസ്സിയേഷനുകൾ അംഗമായിട്ടുള്ള യുക്മ 2017 മുതൽ സംഘടിപ്പിക്കുന്ന വള്ളംകളി, യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ മലയാളികൾ പങ്കെടുക്കുന്ന പ്രോഗ്രാമായി മാറിക്കഴിഞ്ഞു. വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകക്കരയിലെ പുൽത്തകിടിയിലും വേദിയിലുമാണ് കലാ പരിപാടികൾ അരങ്ങേറുക. ആയിരക്കണക്കിന് ആളുകൾ എത്തിച്ചേർന്ന്, ഉത്സവ പ്രതീതിയുണർത്തുന്ന അന്തരീക്ഷത്തിന് യോജിച്ച തരത്തിലുള്ള കലാ വിസ്മയങ്ങളായിരിക്കും അരങ്ങേറുന്നതെന്ന് വള്ളംകളി ജനറൽ കൺവീനർ ഡിക്സ് ജോർജ്ജ് അറിയിച്ചു.
'തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ് 2025'
യുക്മ കേരളപൂരം വള്ളംകളി 2025 ൻ്റെ ഏറ്റവും വലിയ ആർഷണമായി അണിഞ്ഞൊരുങ്ങുന്നത് യുകെയിലെ നൂറ് കണക്കിന് മലയാളി മങ്കമാർ പങ്കെടുക്കുന്ന 'തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ് 2025' എന്ന നാട്യ വിസ്മയമാണ്. മുൻ വർഷങ്ങളിൽ മെഗാ തിരുവാതിരയും മെഗാ ഫ്യൂഷൻ തിരുവാതിരയും അവതരിപ്പിച്ച് കാണികളുടെ മനം നിറച്ച കേരളീയ വനിതകൾ ഇക്കുറിയെത്തുന്നത് പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന 'തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ് 2025' എന്ന നാട്യ രൂപവുമായാണ്.
ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള മലയാളി വനിതകൾക്ക് അതിനുള്ള അവസരമുണ്ടായിരിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് അതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും പ്രാക്ടീസ് സെഷനുകൾ ഉൾപ്പടെയുള്ള കാര്യങ്ങളും സംഘാടകർ ഒരുക്കുന്നതാണ്.
ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ യുക്മ ദേശീയ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം (+44 7450964670), ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി (+44 7789149473) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
ലൈവ് സ്‌റ്റേജ് പ്രോഗ്രാംസ്
വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകക്കരയിൽ സജ്ജമാക്കുന്ന സ്റ്റേജിലായിരിക്കും ലൈവ് പ്രോഗ്രാമുകൾ അരങ്ങേറുന്നത്. രാവിലെ മുതൽ വള്ളംകളി മത്സരങ്ങളുടെ ഇടവേളകളിൽ ലൈവ് പ്രോഗ്രാമുകൾ സ്റ്റേജിൽ അവതരിപ്പിക്കുവാൻ കഴിയുന്ന വിധമാണ് പരിപാടികൾ ക്രമീകരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികളോടൊപ്പം തനത് കേരളീയ കലാ രൂപങ്ങളും സ്റ്റേജിൽ അരങ്ങേറും.
വള്ളംകളിയോട് അനുബന്ധിച്ചുള്ള സ്റ്റേജ് പ്രോഗ്രാമുകൾക്ക് അകമഴിഞ്ഞ പിന്തുണയാണ് യുകെ മലയാളികളിൽ നിന്നും മുൻ വർഷങ്ങളിൽ ലഭിച്ചത്. വള്ളംകളി മത്സരവും അതിനോട് അനുബന്ധിച്ചുള്ള കലാ പരിപാടികളും കാണുവാനെത്തുന്ന ആയിരക്കണക്കിന് കാണികൾക്ക് മുന്നിൽ തങ്ങളുടെ പ്രാവീണ്യം തെളിയിക്കുവാനുള്ള അസുലഭാവസരമാണ് യുകെയിലെ കലാകാരൻമാർക്കായി യുക്മ ഒരുക്കുന്നത്. സിനിമാറ്റിക് ഡാൻസ്, ക്ളാസ്സിക്കൽ ഡാൻസ്, തനത് കേരളീയ കലാ രൂപങ്ങൾ, നാടൻ പാട്ട് തുടങ്ങി വൈവിദ്ധ്യമേറിയ ഗ്രൂപ്പ് ഇനങ്ങളാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ച് ലൈവ് സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് സ്റ്റേജ് പ്രോഗ്രാമുകളുടെ ചുമതല വഹിക്കുന്ന മനോജ് കുമാർ പിള്ള (+44 7960357679), അമ്പിളി സെബാസ്റ്റ്യൻ (+44 7901063481) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
യുക്മ കേരളപൂരം വള്ളംകളി 2025 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:-
അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186
ജയകുമാർ നായർ - 07403223066
ഡിക്സ് ജോർജ്ജ് - 07403312250.











