ഐതിഹാസികം... ഇന്ത്യയും ബ്രിട്ടണും ഒപ്പിട്ടത് ആറ് ബില്യൺ പൗണ്ടിൻ്റെ ട്രേഡ് ഡീലിൽ

മൂന്നര വർഷം നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യാ- ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാരക്കരാർ നിലവിൽ വന്നു. ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയ്ർ സ്റ്റാമറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബക്കിംഗാംഷയറിലുള്ള കൺട്രി ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ട്രേഡ് ഡീലിൽ ഒപ്പിട്ടത്. ട്രേഡ് ഡീലിലൂടെ ആറ് ബില്യൺ പൗണ്ടിൻ്റെ നിക്ഷേപം ഇന്ത്യാ- ബ്രിട്ടീഷ് ബിസിനസുകൾ നടത്തുമെന്നാണ് കണക്കാക്കുന്നത്.

ബ്രിട്ടീഷ് നിർമ്മിത കാറുകൾ, വിസ്കി, ജിൻ, മെഡിക്കൽ ഡിവൈസുകൾ, എയ്റോസ്പേസ് പാർട്സ്, കോസ്മെറ്റിക്സ്, സീ ഫുഡ്, ചോക്കലേറ്റ്, ബിസ്കറ്റ് എന്നിവ ഉൾപ്പെടെയുള്ള വിവിധ പ്രോഡക്ടുകൾ കുറഞ്ഞ താരിഫിൽ ഇന്ത്യയിലേയ്ക്ക് കയറ്റുമതി ചെയ്യാൻ ബ്രിട്ടണ് പുതിയ കരാർ പ്രകാരം കഴിയും. ഇന്ത്യൻ നിന്നും ടെക്സ്റ്റൈയിസ്, ജ്വല്ലറി എന്നിവ സമാന താരിഫ് ഇളവിൽ ബ്രിട്ടണിലും എത്തിച്ചേരും. ബ്രെക്സിറ്റിനു ശേഷം നിലവിൽ വന്ന ഏറ്റവും വലിയതും സാമ്പത്തിക പ്രാധാന്യവും ഉള്ള ട്രേഡ് ഡീലാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയ്ർ സ്റ്റാമർ വ്യക്തമാക്കി.

ഇന്ത്യൻ - ബ്രിട്ടീഷ് ബിസിനസുകൾക്ക് ഇരു രാജ്യങ്ങളിലും ബിസിനസ് സംരംഭങ്ങൾ തുടങ്ങുവാനുള്ള അവസരങ്ങൾ ട്രേഡ് ഡീൽ ഒരുക്കും. നിലവിൽ ബ്രിട്ടീഷ് പ്രോഡക്ടുകൾ ഇന്ത്യയിലേയ്ക്ക് കയറ്റുമതി ചെയ്യുമ്പോൾ നൽകേണ്ട ശരാശരി താരിഫ് 15 ശതമാനമാണ്. ഇത് മൂന്ന് ശതമാനമായി കുറയും. വിസ്കിയുടെ താരിഫ് നിലവിലെ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമാക്കി ഇന്ത്യ കുറച്ചിട്ടുണ്ട്. ഇത് 2035 ഓടെ 40 ശതമാനമാകും.

ഡിഫൻസ്, എഡ്യൂക്കേഷൻ, കാലാവസ്ഥാ വ്യതിയാനം, ടെക്നോളജി എന്നിവയടക്കമുള്ള മേഖലകളിലും ഇന്ത്യയും ബ്രിട്ടനും കൂടുതൽ സഹകരിക്കും. രാജ്യസുരക്ഷ സംബന്ധിച്ച ഇൻ്റലിജൻസ് കൈമാറുന്നതിലും ധാരണയായിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയുന്ന നയത്തിലും ഇന്ത്യയും ബ്രിട്ടണും നടപടികൾ കൈക്കൊള്ളും. 

Other News